വീക്ഷണത്തിൻ്റെ ‘തിരുത്തൽവാദം’; ‘ഇടിച്ചു കയറിയല്ല മുഖം കാണിക്കേണ്ടത്’: കോൺഗ്രസ് നേതാക്കൾക്കെതിരെ മുഖപ്രസംഗം

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീക്ഷണം ദിനപത്രത്തില്‍ മുഖപ്രസംഗം. കോഴിക്കോട് ഡിസിസി ഓഫീസിലേത് നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവര്‍ത്തിയാണെന്നും പ്രസ്ഥാനത്തിന്റെ യശസിനെ അപകീര്‍ത്തിപ്പെടുത്തരുതെന്നും പത്രം വിമര്‍ശിക്കുന്നു. ഇടിച്ചു കയറിയല്ല മുഖം കാണിക്കേണ്ടത്. ഇടിച്ചു കയറിയും പിടിച്ചു തള്ളിയും പ്രസ്ഥാനത്തിന്റെ വില കളയരുതെന്നും കോണ്‍ഗ്രസ് മുഖപത്രം വിമര്‍ശിക്കുന്നു.

‘ഇടിച്ചു കയറിയല്ല മുഖം കാണിക്കേണ്ടത്’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തില്‍ ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യ വിശാലതയാണെന്നും കുത്തഴിഞ്ഞ അവസ്ഥയാകരുതെന്നും നേതാക്കളെ ഓര്‍മ്മിപ്പിക്കുന്നു. മാതൃക കാണിക്കുവാന്‍ ബൂത്ത് കമ്മിറ്റി മുതല്‍ കെപിസിസി വരെയുള്ള ഭാരവാഹികള്‍ക്ക് കഴിയണം. ക്യാമറയില്‍ മുഖം വരുത്തുവാന്‍ ഉന്തും തള്ളുമുണ്ടാക്കുമ്പോള്‍ പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണമെന്നും അഴിമതി സര്‍ക്കാരിനെ പുറത്താക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസ്സ് മടുപ്പിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

നേതാക്കള്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നുവെന്ന് ഉറപ്പ് വരുത്തണം. വാര്‍ത്തകളില്‍ പേരും പടവും എങ്ങനെയും വരണമെന്ന നിര്‍ബന്ധ ബുദ്ധി വേണ്ട. ഒരു സ്ഥാനവും ആഗ്രഹിക്കാതെ കോണ്‍ഗ്രസ് ഒരു വികാരമായി ജനക്കൂട്ടത്തിനിടയില്‍ തൊണ്ട പൊട്ടുമാറ് ഉറക്കെ മുദ്രാവാക്യം വിളിക്കുന്ന സാധാരണ പ്രവര്‍ത്തകന്റെ വികാരം മുന്‍ നിരയില്‍ നില്‍ക്കുന്നവര്‍ തിരിച്ചറിയണമെന്നും ലേഖനം വിമര്‍ശിക്കുന്നു. കോഴിക്കോട് ഡിസിസി ഓഫീസിന്റെ ഉദ്ഘാടന വേളയിലായിരുന്നു പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കിയ നേതാക്കളുടെ ഉന്തും തള്ളുമുണ്ടായത്.

ADVERTISEMENT