‘മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു, വീഴ്ച മറച്ചു വയ്ക്കാൻ മെഡിക്കൽ കോളേജ് അധികൃതർ ശ്രമിച്ചു’

നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപ്പെടുത്താൻ കഴിയുമായിരുന്നുവെന്ന് ഭർത്താവ് വിശ്രുതൻ. ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉപയോഗശൂന്യമായ കെട്ടിടമെന്ന് മന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. ‘വീട് നോക്കിയിരുന്നത് അവളാണ്. അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു’, വിശ്രുതൻ കൂട്ടിച്ചേർത്തു. മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. വീഴ്ച മറച്ചു വയ്ക്കാൻ മെഡിക്കൽ കോളേജ് അധികൃതർ ശ്രമിച്ചു. ആശ്വാസ വാക്കുമായി ആരും വന്നില്ല. കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ല. മകളുടെ തുടർ ചികിത്സ ഉറപ്പാക്കാമെന്ന് സിപിഐഎം നേതാക്കൾ അറിയിച്ചുവെന്നും ബിന്ദുവിന്റെ ഭർത്താവ് പറഞ്ഞു. അതേസമയം, മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം.

മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

തലയോലപ്പറമ്പ് പള്ളിക്കവലയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയിൽ ജീവനക്കാരിയായിരുന്നു. നിർമ്മാണ തൊഴിലാളിയാണ് ഭർത്താവ് വിശ്രുതൻ. കെട്ടിടം തകർന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. ഭർത്താവായിരുന്നു പരാതി ഉന്നയിച്ചത്.

തകർന്നുവീണ 13-ാം വാർഡിലാണ് ബിന്ദു പോയതെന്നും 13, 14 വാർഡിലുള്ളവർ 14-ാം വാർഡിലാണ് പ്രാഥമിക കൃത്യങ്ങൾക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കൾ ആരോപിച്ചത്. കാഷ്വാലിറ്റിയിൽ അടക്കം തെരച്ചിൽ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ബന്ധുക്കൾ പരാതി ഉന്നയിക്കുകയായിരുന്നു.

ADVERTISEMENT