പോറ്റി പെട്ടു; ‘ചെന്നൈയില്‍ എത്തിച്ചത് മുമ്പ് സ്വര്‍ണം പാകിയ പാളികളല്ല’; നിര്‍ണ്ണായക മൊഴി നൽകി പങ്കജ് ഭണ്ഡാരി

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ നിര്‍ണ്ണായക മൊഴി. 2019 ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ എത്തിച്ചത് കാലപ്പഴക്കമില്ലാത്ത ദ്വാരപാലക ശില്‍പത്തിലെ പാളിയെന്നാണ് പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കിയത്. മുമ്പ് സ്വര്‍ണം പാകിയ പാളികളല്ല കൊണ്ടുവന്നതെന്നും ഭണ്ഡാരി മൊഴി നല്‍കി. ഇതോടെ ഉണ്ണി കൃഷ്ണന്‍പോറ്റി സ്വര്‍ണ്ണപ്പാളി മറിച്ചുവിറ്റതാകാമെന്ന സംശയത്തിലാണ് ദേവസ്വം വിജിലന്‍സ് എസ് പി.

 

ഇന്നലെയാണ് സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയത്. 1998 ല്‍ വ്യവസായി വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു നല്‍കിയ ദ്വാരലപാലക ശില്‍പത്തില്‍ ചെമ്പ് തെളിഞ്ഞെന്ന് പറഞ്ഞ് ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തിച്ചായിരുന്നു സ്വര്‍ണം പൂശിയത്. എന്നാല്‍ അന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിച്ചത് മുന്‍ സ്വര്‍ണം പാകിയ പാളികളല്ലെന്ന പങ്കജ് ഭണ്ഡാരിയുടെ മൊഴി നിര്‍ണായകമാണ്. ഇങ്ങനെയെങ്കില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞുനല്‍കിയ പാളി എവിടെ എന്ന ചോദ്യമാണ് ഉയരുന്നത്.

അതേസമയം വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ടത്. റിപ്പോര്‍ട്ടിന്റെ കോപ്പി ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും സമര്‍പ്പിക്കും. റിപ്പോര്‍ട്ട് കോടതി പരിശോധിച്ച ശേഷം എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.

അതിനിടെ മണ്ഡലകാലത്തിന് മുന്‍പ് സ്വര്‍ണം പൂശാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് ഉപേക്ഷിച്ചു. ശ്രീകോവിലിന്റെ വാതിലും പടവുകളിലെ പാളികളും സ്വര്‍ണം പൂശാനായിരുന്നു തീരുമാനിച്ചിരുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തീരുമാനം ഉപേക്ഷിച്ചു. വാതില്‍, പടവ് പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ബോര്‍ഡ് തീരുമാനിച്ചപ്പോള്‍ തന്ത്രി എതിര്‍ത്തിരുന്നു. പിന്നീടാണ് സന്നിധാനത്ത് വെച്ച് അറ്റകുറ്റപണി നടത്താന്‍ തീരുമാനിച്ചത്
അറ്റകുറ്റപണികള്‍ക്ക് കഴിഞ്ഞയാഴ്ച ഹൈക്കോടതി അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനം മൂലമുള്ള തിരക്കും സമയക്കുറവുമാണ് പണി ഉപേക്ഷിക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

ADVERTISEMENT