ഉത്സവത്തിനിടെ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ മാലപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി പിടിയില്‍

അരിമ്പൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്ര ഉത്സവത്തിനിടെ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ മാലപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി പിടിയില്‍. തമിഴ്നാട് സ്വദേശിനി പളനി അമ്മാളിനെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. പേരാമംഗലം സ്വദേശികളുടെ കുഞ്ഞിന്റെ മാലയാണ് പൊട്ടിച്ചത്. ഉത്സവത്തിന്റെ പ്രധാന ദിവസമായതിനാല്‍ ക്ഷേത്ര പരിസരത്തെല്ലാം തിങ്കളാഴ്ച വലിയ തിരക്കനുഭവപ്പെട്ടിരുന്നു. ഇതിനിടെ രാത്രി ഏഴോടെയാണ് കുഞ്ഞിന്റെ മാലപൊട്ടിച്ചത്. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മാല പൊട്ടിച്ചെടുത്ത യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാരും പൊലീസും പിന്തുടര്‍ന്നതോടെ അവര്‍ മാല അടുത്തുള്ള കടയിലേയ്ക്ക് വലിച്ചെറിഞ്ഞ് ഓടി. ഇവരെ പിന്തുടര്‍ന്ന് പിടികൂടു കയായിരുന്നു. പ്രതിയെ പിന്നീട് അന്തിക്കാട് പൊലീസിന് കൈമാറി. മാല പൊട്ടിക്കുന്നതിനിടെ കുഞ്ഞിന്റെ കഴുത്തിന് മുറിവേറ്റു. ക്ഷേത്ര ഉത്സവങ്ങളുടെ മറവില്‍ മോഷണം നടത്തുന്ന സംഘത്തിലുള്ള ആളാണ് പിടിയിലായ യുവതി എന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാണ്. കുടുംബത്തിന്റെ പരാതിയില്‍ അന്തിക്കാട് പൊലീസ് കേസെടുത്തു.

ADVERTISEMENT