ഗുരുവായൂര്‍ താമരയൂര്‍ ഇഎംഎസ് നഗറില്‍ യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ ആറ് പ്രതികളെ ഗുരുവായൂര്‍ പോലീസ് പിടികൂടി. കോട്ടപ്പടി തുണ്ടത്ത് പറമ്പില്‍ 19 വയസ്സുള്ള യദുകൃഷ്ണ, ഇരിങ്ങപ്പുറം മണിഗ്രാമം പൊന്നുപറമ്പില്‍ 32 വയസ്സുള്ള വിജില്‍, ശവക്കോട്ട ചാണാശ്ശേരി 23 വയസ്സുള്ള ഉണ്ണിക്കണ്ണന്, പൂക്കോട് മമ്പ്രത്ത് 22 വയസ്സുള്ള അഭിജിത്ത്, കോട്ടപ്പടി ചാണാശ്ശേരി 21 വയസ്സുള്ള വിഷ്ണു, ചെമ്മണ്ണൂര്‍ അമ്പലത്ത് വീട്ടില്‍ 34 വയസ്സുള്ള മനാഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താമരയൂര്‍ ഇഎംഎസ് നഗര്‍ മാണിക്കത്ത് വീട്ടില്‍ 38 വയസ്സുള്ള സിനീഷിനെയാണ് പ്രതികള്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി മാരകമായി ആക്രമിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അക്രമികള്‍ ചുറ്റിക ഉപയോഗിച്ച് തലയോട്ടി അടിച്ച് തകര്‍ത്തു. ഗുരുതരമായി പരിക്കേറ്റ സിനീഷ് തൃശ്ശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. പ്രതികളുമായി പോലീസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.