ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം; ഒന്നരമാസത്തിനിടെ 14 മരണം; ഉറവിടം കണ്ടെത്താനാകാതെ വലഞ്ഞ് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒന്നരമാസത്തിനിടെ 14 മരണം. ഉയരുന്ന മരണനിരക്കും രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കി. ഈ വർഷം ഇതുവരെ 100 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തെക്കൻ ജില്ലകളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വടക്കൻ ജില്ലകളിൽ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലുമാണ് രോഗബാധിതർ കൂടുതലുള്ളത്.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കൊല്ലം പട്ടാഴി സ്വദേശിയായ 48കാരി ഇന്നലെ മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സെപ്തംബർ 23ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. 11 ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ അമീബിക് മസ്തിഷ്‌കജ്വര മരണമായിരുന്നു ഇത്.

കഴിഞ്ഞ എട്ട് ദിവസത്തിനിടെ പത്ത് പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. കാലിന് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ 57 കാരനായ നിർമാണത്തൊഴിലാളിയ്ക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. വാമനപുരം, വിഴിഞ്ഞം, വർക്കല സ്വദേശികൾക്കും കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചിരുന്നു.

മലപ്പുറത്തെ പാണക്കാട്, മാറഞ്ചേരി സ്വദേശികൾക്കും കോഴിക്കോട് തിരുവാങ്ങൂർ, കൊളത്തൂർ എന്നിവിടങ്ങളിലും ആലപ്പുഴയിലെ തണ്ണീർമുക്കത്തും രോഗം സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നത്. എന്നാൽ മലിനജലത്തിൽനിന്നും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല കിണർവെള്ളത്തിൽ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കയാണുണ്ടാക്കുന്നത്.

നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുന്നതാണ് രോഗം. വെള്ളത്തിൽ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് കൂടുതലായും രോഗാണു തലച്ചോറിലെത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകാം. കുളിക്കുന്നതിനിടയിൽ വെള്ളം കുടിച്ചാൽ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കില്ല. പകരം വെള്ളത്തിലേക്ക് ചാടുമ്പോഴോ നീന്തുമ്പോഴോ വെള്ളം മൂക്കിൽ കടന്നാൽ അമീബ മൂക്കിലെ അസ്ഥികൾക്കിടയിലുളള വിടവിലൂടെ തലച്ചോറിൽ എത്തുകയും രോഗമുണ്ടാവുകയും ചെയ്യുംരോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരില്ല.

രോഗബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങും. കുട്ടികളിലും കൗമാരക്കാരിലുമാണ് രോഗം പ്രധാനമായും ഉണ്ടാകുന്നത്. ശക്തമായ പനി, ഛർദി, തലവേദന, അപസ്മാരം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. രോഗത്തിനുള്ള ചികിത്സ ലഭ്യമല്ല. രോഗത്തിന് മരണ സാധ്യത കൂടുതലായതുകൊണ്ടുതന്നെ രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനങ്ങൾ നിലനിർത്തുകയാണ് ചെയ്യുന്നത്.

ADVERTISEMENT