പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥ കേന്ദ്രം തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന 28 -ാം പാലയൂര്‍ മഹാ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പദയാത്രകള്‍ എത്തിതുടങ്ങി. ഇരുപത്തിയെട്ടാം പാലയൂര്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് മാര്‍ച്ച് 30 മുതല്‍ ആരംഭിച്ചത്. ഞായറാഴ്ച രാവിലെ 4 മണിക്ക് തൃശ്ശൂര്‍ അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ലൂര്‍ദ്ദ് കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിച്ചതിനു ശേഷം 5 മണിക്ക് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ലൂര്‍ദ്ദ് കത്തീഡ്രല്‍ വികാരി ഫാദര്‍ ജോസ് വള്ളൂരാന് മഹാതീര്‍ത്ഥാടനത്തിന്റെ പതാക കൈമാറി. തീര്‍ത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോനകളെ പ്രതിനിധീകരിച്ച് 11 മേഖല പദയാത്രകള്‍ പാലയൂരില്‍ എത്തി. ചേലക്കര, വടക്കാഞ്ചേരി, കൊട്ടേക്കാട് വേലൂര്‍, പട്ടിക്കാട്, പുത്തൂര്‍, ഒല്ലൂര്‍, മറ്റം, പഴുവില്‍, കണ്ടശാങ്കടവ്, നിര്‍മലപുരം എന്നീ മേഖലകളില്‍ നിന്ന് 11 മണിക്ക് പദയാത്രകള്‍ പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു.