കടവല്ലൂര്‍ വേമ്പന്പടവിലെ 40 ഏക്കറോളം നെല്‍ക്കൃഷി വെള്ളമില്ലാതെ പൂര്‍ണമായി നശിച്ചു. തോടുകളിലെ വെള്ളം പൂര്‍ണമായി വറ്റിയതോടെ ജലസേചനത്തിനു മാര്‍ഗങ്ങള്‍ തേടി കര്‍ഷകര്‍ നെട്ടോട്ടത്തിലായിരുന്നു.
കിണറുകള്‍ അടക്കമുള്ള ജലാശയങ്ങളിലെ വെള്ളം ലഭിക്കുമോ എന്ന ശ്രമ ത്തിലായിരുന്നു കര്‍ഷകര്‍. നേരത്തെ എത്തിയ വേനലും കനത്ത ചൂടും മൂലം ജലലഭ്യത കുറഞ്ഞതോടെ കൃഷി പ്രതിസന്ധിയിലായി. കഴിഞ്ഞ ആഴ്ച വരെ വേനല്‍മഴയിലായിരുന്നു പ്രതീക്ഷ. ഇനി മഴ പെയ്താലും നെല്ല് രക്ഷപ്പെടില്ലെന്നു കര്‍ഷകര്‍ പറഞ്ഞു. ഒതളൂര്‍ ബണ്ടില്‍ നിന്നു ലഭിക്കുന്ന വെള്ളം ആശ്രയിച്ചാണു കടവല്ലൂര്‍, വേമ്പന്പടവ് എന്നീ പാടശേഖരങ്ങളിലെ കൃഷി നിലനില്‍ക്കുന്നത്. ബണ്ടില്‍ നിന്ന് വേമ്പന് തോട്ടിലേക്ക് ജനുവരി യില്‍ വെള്ളം പമ്പു ചെയ്യാന്‍ തുടങ്ങും. പണ്ടൊക്കെ 50 ദിവസത്തോളം പമ്പിങ് നടത്തിയിരുന്നു. ഒതളൂര്‍ ബണ്ട് സ്ഥിതി ചെയ്യുന്ന കോള്‍ പാടങ്ങളിലേക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാതായതോടെ കടവല്ലൂരിലേക്കു നടത്തിയിരുന്ന പമ്പിങ് മുന്നോ നാലോ ദിവസമാക്കി കുറച്ചു. ഇത് തര്‍ക്കത്തിനും പരാതികള്‍ക്കും കാരണമായെങ്കിലും കൃത്യമായ പരിഹാരം ഇപ്പോഴും ഉണ്ടായിട്ടില്ല.