ഏകാദശി ദിനത്തിലെ ഉദയാസ്തമനപൂജ ഒഴിവാക്കിയതിന് പുറമേ തന്ത്രി മറ്റൊരു വലിയ ആചാരലംഘനം നടത്തിയതായി ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി ആരോപിച്ചു. പുല വാലായ്മയുള്ള തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് അന്നദാന മണ്ഡപത്തില്‍ വിളക്ക് കത്തിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. അന്നദാനത്തിന് മുമ്പ് ഭഗവാന് ഇല വെച്ച് ഭക്ഷണം വിളമ്പിയ ശേഷം ഭഗവാന്റെ ചിത്രത്തിന് മുന്നിലാണ് വിളക്ക് കത്തിച്ചത്. ഹൈന്ദവ വിശ്വാസ പ്രകാരം പുല വാലായ്മയുള്ളയാള്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല. ആചാര വിരുദ്ധമായ കാര്യങ്ങളില്‍ ചോദ്യം ചെയ്യേണ്ട വ്യക്തിയാണ് ആചാരലംഘനം നടത്തിയത്. ബന്ധു വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ പാര്‍വതി അന്തര്‍ജനം മരിച്ചതിനെ തുടര്‍ന്നാണ് ദിനേശന്‍ നമ്പൂതിരിപ്പാടിന് പുലയായത്. തന്ത്രി ദീപം കൊളുത്തിയ കൊടി വിളക്ക് പിന്നീട് ചെയര്‍മാനും മറ്റു അംഗങ്ങള്‍ക്കും കൈമാറി. ഇക്കാര്യമാവശ്യപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതിക്ക് വേണ്ടി സെക്രട്ടറി എം. ബിജേഷ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്ത് നല്‍കി.