തലസ്ഥാനമൊരുങ്ങി; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ശനിയാഴ്ച്ച തുടക്കമാകും

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സംസ്ഥാനത്തെ കൗമാര പ്രതിഭകളെ സ്വീകരിക്കാന്‍ തലസ്ഥാന നഗരമായ തിരുവനന്തപുരം ഒരുങ്ങി. സ്‌കൂള്‍ കലോത്സവത്തിന്റെ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് തലസ്ഥാനത്ത് എത്തി. അഞ്ച് ദിനങ്ങള്‍ ഇനി തലസ്ഥാന നഗരത്തിന് ഉറക്കമില്ലാ നാളുകള്‍.
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് സ്വര്‍ണ കപ്പിന്റെ 4 ദിവസം നീളുന്ന പ്രയാണം ആരംഭിച്ചത്. തിരുവനന്തപുരം കൊല്ലം ജില്ലാ അതിര്‍ത്തിയില്‍ ജനപ്രതിനിധികളും നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആണ് സ്വര്‍ണക്കപ്പിന് സ്വീകരണം നല്‍കിയത്. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിയ ശേഷം കലോത്സവവേദിയിലേക്ക് ആനയിക്കും. വിദ്യാര്‍ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി.

എസ്എംവി സ്‌കൂളിലാണ് രജിസ്‌ട്രേഷന്‍ കൌണ്ടറുകള്‍. നാളെ കലാമാമാങ്കത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും.

ADVERTISEMENT