ജനുവരി മാസം പകുതി പോലും ആകുന്നതിന് മുന്നേ കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം കേരളത്തിൽ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയർന്നേക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.