ഓടക്കുഴല്‍ പുരസ്‌കാരം കെ. അരവിന്ദാക്ഷന്

മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന ഓടക്കുഴല്‍ പുരസ്‌കാരം കെ. അരവിന്ദാക്ഷന്. ‘ഗോപ’ എന്ന നോവലിനാണ് പുരസ്‌കാരം. ബുദ്ധനായി മാറിയ സിദ്ധാര്‍ത്ഥനെ അദ്ദേഹത്തിന്റെ പത്‌നിയായ യശോധരയെന്ന ഗോപ ചോദ്യം ചെയ്യുന്നതാണ് നോവലിന്റെ ഇതിവൃത്തം.
മഹാകവിയുടെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് എറണാകുളത്തെ സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി. ഓഡിറ്റോറിയത്തില്‍ പ്രശസ്ത സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി. രാധാകൃഷ്ണന്‍ പുരസ്‌കാരം കെ. അരവിന്ദാക്ഷന് അവാര്‍ഡ് സമ്മാനിക്കും. പ്രശസ്ത സാഹിത്യ നിരൂപകന്‍ കെ. ബി. പ്രസന്നകുമാര്‍, പ്രശസ്ത കവിയും എഴുത്തുകാരനുമായ വി. എച്ച്. ദിരാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. പ്രശസ്തിപത്രം, ശില്‍പം, മുപ്പതിനായിരം രൂപ എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്

തൃശൂര്‍ ജില്ലയിലെ വെങ്ങിണിശ്ശേരിയില്‍ 1953 ജൂണ്‍ 10-ന് ജനിച്ച കെ. അരവിന്ദാക്ഷന്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡും ഗുരുദര്‍ശന അവാര്‍ഡും നേടിയിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.

 

ADVERTISEMENT