വിദർഭക്ക് എതിരായ രഞ്ജി ട്രോഫി ഫൈനലിന്റെ അവസാന ദിനം കിടിലൻ ബൗളിങ് പ്രകടനവുമായി കേരളം. 249/4 എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച വിദർഭയുടെ മൂന്ന് വിക്കറ്റുകൾ, വെറും 34 റൺസെടുക്കുന്നതിനിടെ കേരളം വീഴ്ത്തുകയായിരുന്നു. 283 റൺസെടുക്കുന്നതിനിടെ അവർക്ക് മൊത്തം ഏഴ് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. അവസാന ദിനം എത്രയും വേഗം വിദർഭയെ പുറത്താക്കി ആക്രമിച്ചു കളിച്ചാൽ കേരളത്തിന് ഇപ്പോളും വിജയസാധ്യതയുണ്ട്. അതിന് തന്നെയാകും സച്ചിൻ ബേബിയുടെയും സംഘത്തിന്റെയും ശ്രമം.
249 റൺസിന് നാല് വിക്കറ്റുകളെന്ന നിലയിൽ ഇന്ന് ബാറ്റിങ് തുടങ്ങിയ വിദർഭക്ക് 10 റൺസ് കൂടി നേടുന്നതിനിടെ അഞ്ചാം വിക്കറ്റ് നഷ്ടമായി. 135 റൺസെടുത്ത കരുൺ നായരിനെ ആദിത്യ സർവാതെയുടെ പന്തിൽ മുഹമ്മദ് അസറുദ്ദീൻ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. സ്കോർ ബോർഡിൽ 279 റൺസെത്തിയപ്പോൾ വിദർഭക്ക് ആറാം വിക്കറ്റ് നഷ്ടമായി. നാല് റൺസ് നേടിയ ഹർഷ് ദുബെയെ ഈദൻ ആപ്പിൾ ടോം വിക്കറ്റിന് മുന്നിൽ കൊടുക്കുകയായിരുന്നു.
വിദർഭ സ്കോർ 283 എത്തിയപ്പോൾ നായകൻ അക്ഷയ് വഡ്കറും വീണു. 25 റൺസെടുത്ത താരത്തെ ആദിത്യ സർവാതെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 37 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കിയതിനാൽ മത്സരം സമനിലയിലായാകും വിദർഭക്ക് രഞ്ജി ട്രോഫിയിൽ കിരീടം ചൂടാം. അതേ സമയം കിടിലൻ തിരിച്ചുവരവിലൂടെ ഒരു ത്രില്ലിങ് ജയമാണ് കേരളം ലക്ഷ്യമിടുന്നത്.
വിദർഭയുടെ രണ്ടാമിന്നിങ്സ്: നേരത്തെ രണ്ടാം ഇന്നിങ്സിൻ്റെ തുടക്കത്തിൽ തന്നെ വിദർഭയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കേരള ബൗളർമാർ ടീമിന് പ്രതീക്ഷ നൽകിയതാണ്. ഒരു റണ്ണെടുത്ത പാർഥ് രേഖാഡെയെ ജലജ് സക്സേനയും അഞ്ച് റൺസെടുത്ത ധ്രുവ ഷോറെയെ നിധീഷും പുറത്താക്കി. രണ്ട് വിക്കറ്റിന് ഏഴ് റൺസെന്ന നിലയിൽ തകർച്ചയെ നേരിട്ട വിദർഭയ്ക്ക് രണ്ടാം ഇന്നിങ്സിലും രക്ഷകരായത് ഡാനിഷ് മലേവാർ – കരുൺ നായർ കൂട്ടുകെട്ടാണ്. അതീവ ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് കേരളത്തിൻ്റെ വിജയപ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുകയായിരുന്നു.
182 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത്. 73 റൺസെടുത്ത ഡാനിഷ് മലേവാറിനെ അക്ഷയ് ചന്ദ്രനാണ് പുറത്താക്കിയത്. മറുവശത്ത് ഉറച്ച് നിന്ന കരുൺ നായർ സെഞ്ച്വറി പൂർത്തിയാക്കി. ആദ്യ ഇന്നിങ്സിൽ നേരിയ വ്യത്യാസത്തിനായിരുന്നു കരുൺ നായർക്ക് സെഞ്ച്വറി നഷ്ടമായത്.
നാലാം ദിനം കളി അവസാനിക്കാൻ ഏതാനും ഓവറുകൾ കൂടി ബാക്കിയിരിക്കെ യഷ് റാഥോഡിൻ്റെ വിക്കറ്റ് കൂടി വിദർഭയ്ക്ക് നഷ്ടമായി. 24 റൺസെടുത്ത യഷ് റാഥോഡിനെ ആദിത്യ സർവാടെയാണ് പുറത്താക്കിയത്. ഇതിനിടെ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡ് റാഥോഡ് പിന്നിട്ടിരുന്നു. 18 ഇന്നിങ്സുകളിൽ നിന്ന് അഞ്ച് സെഞ്ച്വറികളും മൂന്ന് അർദ്ധ സെഞ്ച്വറികളും അടക്കം 53.3 ശരാശരിയിൽ 960 റൺസാണ് റാഥോഡ് ഈ സീസണിൽ നേടിയത്.