അധികൃതരുടെ വടംവലിയില്‍ വലഞ്ഞ് നാട്ടുകാര്‍. നാക്കോല എഇഒ റോഡിലെ ടാര്‍ കുത്തിപ്പൊളിച്ച് ആഴ്ചകള്‍ പിന്നിട്ടെങ്കിലും റീ ടാറിങ് ആരംഭിച്ചിട്ടില്ല. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടുമെന്ന ആശങ്കയാണ് ടാറിംങ്ങ് തുടങ്ങാത്തതിന് കാരണം. ഒന്നര കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ 27 ഇടങ്ങളില്‍ പൊളിച്ച് ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ഇവിടെയെല്ലാം ശരാശരി 50 സെന്റിമീറ്റര്‍ മാത്രം കുഴി എടുത്താണ് പൈപ്പ് ഇട്ടിട്ടുള്ളത്. അതിനാല്‍ റോഡ് പണിക്ക് വൈബ്രേറ്റര്‍ ഉള്‍പ്പെടെയുള്ള യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍ പൈപ്പ് പൊട്ടാന്‍ സാധ്യത കൂടുതലാണ്. അശാസ്ത്രീമായി റോഡ് പൊളിച്ചതാണ് യാത്രികര്‍ക്ക് ദുരിതമായത്. കാല്‍ നടയാത്ര പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. 2019 ല്‍ തുക വകയിരുത്തിയ റോഡാണ് 6 വര്‍ഷം പിന്നിട്ടിട്ടും എവിടെയും എത്താത്തത്. 1.5 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് 1.47 കോടി രൂപയാണ് എസ്റ്റിമേറ്റ്. കല്‍വെര്‍ട്ട് പണികളും ഭിത്തി കെട്ടലും ഒരു വര്‍ഷം മുന്‍പ് കഴിഞ്ഞെങ്കിലും ടാറിങ് പ്രവര്‍ത്തികള്‍ ചെയ്തിരുന്നില്ല.