വേലൂര്‍ തയ്യൂര്‍ മയിലാടിക്കുന്നില്‍ നടത്തിയിരുന്ന മണ്ണെടുപ്പ് നിര്‍ത്തിവെയ്ക്കാന്‍ പഞ്ചായത്ത് ഉത്തരവ് നല്‍കി. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദേശപ്രകാരം സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയത്. വേലൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് മയിലാടിക്കുന്ന് സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേര്‍ന്ന കുന്നത്ത് പുരയ്ക്കല്‍ നഗറില്‍ 40 പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. പ്രദേശത്ത് കഴിഞ്ഞ പ്രളയകാലത്ത് വലിയതോതില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഉരുള്‍പ്പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് പ്രദേശത്തുള്ള കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് മണ്ണൊലിപ്പ് തടയുന്നതിനായി 45 ലക്ഷം രൂപ ചിലഴിച്ച് സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാതെയാണ് പഞ്ചായത്ത് മണ്ണെടുക്കാന്‍ അനുമതി നല്‍കിയതെന്നാണ് നാട്ടുകാരുടെ പരാതി.