യുവാവിനെയും കൂട്ടുകാരനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിനതടവും 55000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് മണത്തല മണികണ്ഠന്‍ റോഡില്‍ താമസിക്കുന്ന പള്ളിപ്പറമ്പില്‍ അനീഷ് (42) നെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി ആകെ 17 വര്‍ഷം കഠിനതടവിനും 55000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. ചാവക്കാട് മണത്തല പള്ളിത്താഴം ചാലിയത്ത് വീട്ടില്‍ ജാഫറിനെയും അക്രമം തടയാന്‍ ശ്രമിച്ച കൂട്ടുകാരനായ നൗഫലിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. 2009 സെപ്തംബര്‍ രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ മണത്തല പള്ളിയിലേക്ക് നമസ്‌കാരത്തിനായി പോകുകയായിരുന്ന ജാഫറിനെയും തടയാന്‍ ചെന്ന നൗഫലിനെയും ഒന്നാംപ്രതി അനീഷ് വാളുപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.