കൊച്ചിയിൽ റെക്കോർഡ് ലഹരിവേട്ട; 2025ൽ ഇതുവരെ പിടിച്ചെടുത്തത് 133 കിലോഗ്രാം കഞ്ചാവ്

2025ല്‍ കൊച്ചിയില്‍ ഇതുവരെ നടന്നത് റെക്കോർഡ് ലഹരിവേട്ട. മാര്‍ച്ച് തികയും മുന്‍പ് കൊച്ചിയില്‍ റജിസ്റ്റര്‍ ചെയ്തത് 642 കേസുകളാണ്. 721 പേരാണ് ഇതുവരെ അറസ്റ്റിലായത്. മൂന്ന് മാസത്തിനുള്ളില്‍ കൊച്ചിയിൽ പിടികൂടിയത് 656.63 ഗ്രാം എംഡിഎംഎയാണ്. 2025 മാര്‍ച്ച് 17 ആകുമ്പോഴേക്കും 133 കിലോഗ്രാം കഞ്ചാവും കൊച്ചിയിൽ പിടികൂടിയിട്ടുണ്ട്. 2024ല്‍ ആകെ റജിസ്റ്റര്‍ ചെയ്ത കേസുകളുടെയും പിടിച്ചെടുത്ത മയക്കുമരുന്നിന്റെയും കണക്കുകള്‍ കൂടി പരിശോധിക്കുമ്പോഴാണ് 2025ൻ്റെ ആദ്യപാദം പിന്നിടുന്നതിന് മുന്‍പേ കൊച്ചിയില്‍ നടന്ന ലഹരിവേട്ടയുടെ യഥാര്‍ഥ ചിത്രം വ്യക്തമാവുക.

2024ല്‍ നാര്‍കോട്ടിക്‌സ് വിഭാഗം പിടിച്ചെടുത്തത് 333.51 കിലോഗ്രാം കഞ്ചാവാണ്. എന്നാല്‍, 2025 മാര്‍ച്ച് 17 ആകുമ്പോഴേക്കും 133 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് വേട്ട ഈ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ 2025ല്‍ മൊത്തം പിടിച്ചെടുക്കുന്ന കഞ്ചാവിന്റെ അളവ് 2024ല്‍ പിടിച്ചെടുത്തതിന്റെ ഇരട്ടിയാകുമെന്ന് വേണം വിലയിരുത്താൻ. റജിസ്റ്റര്‍ ചെയ്തത് 2475 കേസുകളാണ്, 2793 പേരെ അറസ്റ്റ് ചെയ്തു. ഈ വര്‍ഷം മാര്‍ച്ച് പകുതിയാകുമ്പോഴേക്കും അത് യഥാക്രമം 642ഉം 721 ഉം ആണ്. കൊച്ചിയെ ലഹരി പിടിമുറുക്കുന്നതിൻ്റെ ഞെട്ടിക്കുന്ന താരതമ്യമാണ് ഈ കണക്കുകള്‍.

അതേസമയം,കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്നത് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും അറിവോടെയെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പൂര്‍വ്വ വിദ്യാര്‍ത്ഥി ഷാലിക്ക് ചോദ്യം ചെയ്യലില്‍ പൊലീസിന് മൊഴി നല്‍കി. ഒരു ബണ്ടില്‍ കഞ്ചാവ് എത്തിച്ചാല്‍ 6000 രൂപയാണ് ലാഭമെന്നും 18,000 രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് 24,000 രൂപയ്ക്കാണ് വിദ്യാര്‍ഥികള്‍ക്ക് വിറ്റിരുന്നതെന്നും ഷാലിക്ക് മൊഴി നല്‍കിയിരുന്നു. കേസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആഷിക്ക്, ഷാലിക്ക് എന്നിവരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്.

ഇതരസംസ്ഥാനക്കാരനായ കച്ചവടക്കാരനില്‍ നിന്നാണ് ഷാലിക്കിനും ആഷിക്കിനും കഞ്ചാവ് ലഭിച്ചിരുന്നത്. ഇയാള്‍ക്ക് വേണ്ടിയും പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കേസില്‍ കോട്ടയം സ്വദേശിയായ വിദ്യാര്‍ത്ഥിയെയും പൊലീസ് ചോദ്യം ചെയ്തു. ഹോസ്റ്റലില്‍ പരിശോധന നടക്കുന്നതിനിടെ ‘സാധനം സേഫ് അല്ലെ?’ എന്ന് ചോദിച്ച് ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെയാണ് ചോദ്യം ചെയ്തത്. എന്നാല്‍ ഇയാളെ പ്രതി ചേര്‍ക്കാനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല.

ADVERTISEMENT