ഇറച്ചിക്കടയില്‍ ചത്ത കോഴികള്‍; നഗരസഭ നോട്ടീസ് നല്‍കി

ഗുരുവായൂരില്‍ ചത്ത കോഴികളെ സൂക്ഷിച്ച ഇറച്ചിക്കടക്ക് 25000 രുപ പിഴ ഈടാക്കാന്‍ നഗരസഭ നോട്ടീസ് നല്‍കി.തമ്പുരാന്‍പടിയിലെ ഹലാല്‍ മീറ്റ് സെന്ററിനാണ് നഗരസഭ നോട്ടീസ് നല്‍കിയത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. ലക്ഷ്മിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പത്തിലധികം ചത്ത കോഴികളെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് ഏഴു ദിവസത്തിനകം പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. ചത്ത കോഴികളടക്കമുള്ള മാലിന്യങ്ങള്‍ എരുമപ്പെട്ടിയിലെ റെന്‍ഡറിങ് പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇതിന് കൊണ്ടുവന്ന വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ തടഞ്ഞു. മാലിന്യങ്ങള്‍ രാത്രിയില്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതിനാണ് നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കാതിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ADVERTISEMENT