പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ 149-ാം മദ്ധ്യസ്ഥ തിരുനാള്‍ മെയ് 9, 10, 11 തിയ്യതികളില്‍ ആഘോഷിക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മെയ് 9ന് , വെള്ളിയാഴ്ച രാത്രി 7 മണിക്ക് പാവറട്ടി ആശ്രമാധിപന്‍ ഫാ.ജോസഫ് ആലപ്പാട്ട്ദേവാലയ ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നതോടെ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും 7.30ന് തിരുമുറ്റ മെഗാ ഫ്യൂഷന്‍ നടക്കും മെയ് 10ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് തൃശൂര്‍ അതിരുപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജെയ്‌സണ്‍ കൂനംപ്ലാക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന നൈവേദ്യ പൂജയ്ക്ക് ശേഷം നേര്‍ച്ച ഭക്ഷണം ആശിര്‍വദിക്കുന്നതോടെ ഊട്ടുതിരുനാളിന് തുടക്കമാകും.ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണി വരെ തുടരുന്ന ഊട്ട് നേര്‍ച്ചയില്‍ ഒന്നരലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കും.കൂടാതെ അരി , അവില്‍ പാക്കറ്റുകളും നേര്‍ച്ചയായി വിതരണം ചെയ്യും വൈകീട്ട് 5.30 ന് രാമനാഥപുരം രൂപത മെത്രാന്‍ മാര്‍ പോള്‍ ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന സമൂഹബലിക്ക് ശേഷം ഭക്തിസാന്ദ്രമായ കൂട് തുറക്കല്‍ ശുശ്രൂഷ നടക്കും രാത്രി 8 മണിക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നേതൃത്വം നല്‍കുന്ന 101 കലാകാരന്മാരെ അണിനിരത്തി കൊണ്ടുള്ള തിരുനടയ്ക്കല്‍ മേളം അരങ്ങേറും.