ചാവക്കാട് നഗരസഭ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പോലീസുമായി നേരിയ സംഘര്‍ഷം. പുന്ന ക്ഷേത്രത്തില്‍ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മുതുവട്ടൂര്‍ സ്വദേശി നിസാമിന്റെ മൃതദേഹത്തോട് ചാവക്കാട് നഗരസഭ അനാദരവ് നടത്തി എന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നഗരസഭയിലേക്ക് ആഹ്വാനം ചെയ്ത സമരം താലൂക്ക് ഓഫീസിന് മുന്നില്‍ വെച്ച് പോലീസ് തടഞ്ഞതാണ് നേരിയ സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം മുന്‍ കെപിസിസി മെമ്പര്‍ സി എ ഗോപ പ്രതാപന് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഫദിന്‍ രാജ് ഹുസൈന് അധ്യക്ഷത വഹിച്ചു.