വീട്ടുമുറ്റത്തേക്ക് ടാര്‍ ഒലിച്ചിറങ്ങുന്നത് മൂലം പുറത്തിറങ്ങുന്നത് അതീവ ദുഷ്‌കരമായി കുടുംബങ്ങള്‍. അകലാട് മൊയ്തീന്‍ പള്ളിക്ക് തെക്ക് കിഴക്ക് ആശാരിപ്പടിക്ക് സമീപം മുതലക്കുളങ്ങര ഖലീല്‍, ഷക്കീര്‍ എന്നിവരുടെ വീട്ടുമുറ്റത്തേക്കാണ് ടാര്‍ ഒലിച്ചിറങ്ങിയിട്ടുള്ളത്. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബദര്‍ പള്ളി അടിപ്പാത പാലവുമായി റോഡ് ബന്ധിപ്പിക്കുന്ന പ്രവര്‍ത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്. റോഡ് ടാറിങ്ങിന് മുമ്പായി ഇവിടെ ബിറ്റുമിന്‍ കെമിക്കല്‍ ഒഴിച്ചിരുന്നു. മഴ പെയ്തതോടുകൂടി ഇവ വെള്ളത്തോടൊപ്പം ഒലിച്ചിറങ്ങി പ്രദേശവാസികളുടെ പറമ്പില്‍ എത്തി തളംകെട്ടി നില്‍ക്കുകയാണ്. ഇതുമൂലം വീട്ടുകാര്‍ക്ക് പുറത്തിറങ്ങുവാന്‍ കഴിയാത്ത സ്ഥിതിയായി. കുട്ടികളും പ്രായമായവരും താമസിക്കുന്ന വീട്ടില്‍ പുറത്തിറങ്ങിയാല്‍ തെന്നി വീഴുന്ന സാഹചര്യവുമുണ്ട്. ഇത് കുടിവെള്ള സ്രോതസ്സിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കുടുംബങ്ങള്‍.