ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തി

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തി. ഭാര്യ ഡോ. സുധേഷ് ധന്‍കറിനൊപ്പം എത്തിയ ഉപരാഷ്ട്രപതിയെ മുരളി പെരുനെല്ലി എംഎല്‍എ, കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, കമ്മിഷണര്‍ ആര്‍ ഇളങ്കോ, അഡിഷണല്‍ സ്‌റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ സി ബിനു, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്. പ്രതികൂല കാലാവസ്ഥ മൂലം രാവിലെ സന്ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിയിരുന്നു. ഉപരാഷ്ട്രപതിയുമായി എത്തിയ ഹെലികോപ്ടര്‍ കൊച്ചിയിലേക്ക് മടങ്ങി. കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ ഉച്ചയ്ക്ക് തിരികെ ദര്‍ശനത്തിന് എത്തുകയായിരുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം ഗുരുവായൂരെത്തി.

കനത്ത സുരക്ഷയാണ് ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ദിച്ച് സജീകരിച്ചിരുന്നത്. രാവിലത്തെ ദര്‍ശനം മുടങ്ങിയതിനാല്‍ ആളുകളെ ക്ഷേത്രത്തിനകത്തേക്ക് കയറ്റിവിടാന്‍ തുടങ്ങിയിരുന്നു. പിന്നീട് ഇന്ന് ഉച്ചക്ക് എത്തുമെന്ന് വിവരം കിട്ടിയതോടെ ഭക്തജനങ്ങളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് വീണ്ടും നിര്‍ത്തിവെച്ചു.

ADVERTISEMENT