കടവല്ലൂര്‍ – കടങ്ങോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തിപ്പിലശേരി – ചിറമനേങ്ങാട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവാശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിപ്പിലശേരി മുതല്‍ പള്ളിക്കുളം വരെ പിന്നാക്ക കാല്‍നട പ്രതിഷേധ ജാഥ നടത്തി. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 2 കോടി രൂപ അനുവദിച്ച് ഇലക്ഷന്‍ കാലത്ത് പണി ആരംഭിക്കുകയും പിന്നീട് പണി ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ എ.സി. മൊയ്തീന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷത്തിലധികമായി സഞ്ചാരയോഗ്യമല്ലാതായ ചിറമനേങ്ങാട് – തിപ്പലശ്ശേരി റോഡിലൂടെ പ്രദേശവാസികളുടെ യാത്രാ സൗകര്യത്തിനു വേണ്ടി സാഹസികമായി സര്‍വ്വീസ് നടത്തുന്ന ഫിദ മോള്‍ ബസ്സിന്റെ ഡ്രൈവറെ സമരത്തിന്റെ ഭാഗമായി പഞ്ചായത്ത് മെമ്പര്‍ എം. എച്ച്. ഹക്കീം ആദരിച്ചു. തിപ്പലശ്ശേരി സെന്ററില്‍ നടന്ന പ്രതിഷേധ സംഗമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എം. മഹേഷ് മുഖ്യാതിഥിയായി. തിപ്പലശ്ശേരി സെന്റര്‍ മുതല്‍ പള്ളിക്കുളം സെന്റര്‍ വരെ നടന്ന പിന്നോക്ക കാല്‍നട ജാഥയുടെ ഫ്‌ലാഗ് ഓഫ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഫൈസല്‍ കാഞ്ഞിരപ്പിള്ളി നിര്‍വഹിച്ചു.