നേഴ്സിംഗ് എഡ്യൂക്കേഷന്‍ ഫോറം ആനുവല്‍ കള്‍ച്ചറല്‍ മീറ്റില്‍ ചൂണ്ടല്‍ സെന്റ് ജോസഫ്സ് നേഴ്സിംഗ് സ്കൂള്‍ ഓവറോള്‍ കീരിടം സ്വന്തമാക്കി. ചൂണ്ടല്‍ സെന്റ് ജോസഫ്സ് നഴ്സിങ് സ്കൂളില്‍ ‘തരംഗ് 2025’ എന്ന പേരില്‍ സംഘടപ്പിച്ച കള്‍ച്ചര്‍ മീറ്റിലാണ് ആതിഥേയരായ ചൂണ്ടല്‍ സെന്റ് ജോസഫ്സ് നേഴ്സിംഗ് സ്കൂള്‍ വിജയ കീരിടം ചൂടിയത്. ജില്ലയിലെ 14 നേഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച കള്‍ച്ചര്‍ മീറ്റില്‍ രണ്ടാം സ്ഥാനം അമല നേഴ്സിംഗ് സ്കൂളും, പാവറട്ടി സാന്‍ജോസ് നേഴ്സിംഗ് സ്കൂളും പങ്കിട്ടു. കുന്നംകുളം മലങ്കര നേഴ്സിംഗ് സ്കൂള്‍ മൂന്നാം സ്ഥാനത്തിന് അര്‍ഹരായി. നേഴ്സിംഗ് സ്കൂള്‍ ഓഡിറ്റോറിയത്തിലും നേഴ്സിംഗ് സ്കൂളിലുമായി സജ്ജമാക്കിയ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറിയത്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സമാപന ചടങ്ങില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ്, ജില്ലാ പഞ്ചായത്ത് അംഗം എ വി വല്ലഭന് എന്നിവര്‍ വിതരണം ചെയ്തു.