കുന്നംകുളം – തൃശൂര്‍ പാത കൈപ്പറമ്പില്‍ മിനി ലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബേക്കറി സാധനങ്ങള്‍ വിതരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന മിനി കണ്ടൈനര്‍ ലോറി കൈപ്പറമ്പ് നൈല്‍ ആശുപത്രിക്കു സമീപത്തുള്ള ഇറക്കത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഈ ഭാഗത്ത് റോഡിന് നടുവിലെ ഡിവൈഡറുകളുടെ പണി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. പുതിയതായി സ്ഥാപിക്കുന്ന ഡിവൈഡറുകളില്‍ മതിയായ റിഫ്‌ലാക്ടറുകള്‍ ഇല്ലാത്തതും എവിടെയും സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാത്തതുമാണ് അപകട കാരണമായതെന്ന് ആരോപണമുണ്ട്. കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ എത്തി അപകടത്തില്‍പ്പെട്ട വാഹനം സ്ഥലത്തുനിന്നും മാറ്റി.