സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കാന്‍ തീരുമാനമായി. വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കാം. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. മന്ത്രി എംബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നത്. ഈ യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനം രോഗബാധിതരായ നായ്ക്കളെ കണ്ടെത്തി ദയാവധം നടത്തുന്നതിനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനമായിരിക്കുന്നു എന്നതാണ്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ പ്രകാരമാണ് ഈ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുക. നായ്ക്കള്‍ രോഗബാധിതരാണെന്ന് വെറ്ററിനറി വിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ ഇവയെ ദയാവധത്തിന് വിധേയമാക്കാം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനമായിട്ടുണ്ട്.