മഴ: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ, ഓഗസ്റ്റ് 19-ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സനുമായ മാധവിക്കുട്ടി എം.എസ് ഉത്തരവിട്ടു. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.
അംഗനവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കിന്റർഗാർട്ടൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ, നവോദയ വിദ്യാലയം, റെസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. അതേസമയം, സ്കൂൾ പരീക്ഷകൾക്ക് അവധി ബാധകമായിരിക്കും.
അവധിക്കാലത്ത് കുട്ടികൾ പുഴകളിലോ, തടയണകളിലോ ഇറങ്ങരുതെന്നും വീട്ടിൽ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കണമെന്നും രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടർഫുകളിലും, മറ്റ് കളിക്കളങ്ങളിലും കളിക്കുന്നത് ഒഴിവാക്കാനും പാലങ്ങൾക്കും ജലാശയങ്ങൾക്കും സമീപം നിന്ന് സെൽഫിയെടുക്കുന്നതിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്.
നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾക്ക് പകരം പ്രവർത്തി ദിവസങ്ങൾ ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

ADVERTISEMENT