ഒരു ചിത്രം ആയിരം വാക്കുകളേക്കാൾ ശക്തം; ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം. ആയിരം വാക്കുകളേക്കാൾ ശക്തമാണ് ഒരു ചിത്രം. ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയും കാലത്തെ അതിജീവിക്കുകയും നമ്മുടെ ചിന്തകളേയും വികാരത്തേയും സംവാദങ്ങളേയും സ്വാധീനിക്കുകയും ചെയ്ത എത്രയെത്ര ചിത്രങ്ങളാണുള്ളത്. ലോകത്തെ മുഴുവൻ ഒരൊറ്റ ഫ്രെയിമിലേക്ക് ഒതുക്കാനും, കാലത്തെ തടഞ്ഞുനിർത്തി ഓർമകളെ ജീവിപ്പിക്കാനും ഫോട്ടോഗ്രഫിക്കുള്ള കഴിവ് അതുല്യമാണ്.

ചില ചിത്രങ്ങൾ ഒരു മുഹൂർത്തത്തെ പിടിച്ചെടുക്കുക മാത്രമല്ല ചെയ്യുന്നത്. അത് ചിലപ്പോൾ കാലത്തെ നിർവചിച്ചേക്കാം. ഫോട്ടോഗ്രഫി കേവലം ചിത്രങ്ങൾ പകർത്തുന്ന ഒരു പ്രക്രിയ മാത്രമല്ല. അത് ഒരേ സമയം കലയും ആശയവിനിമയത്തിനുള്ള ശക്തമായ മാധ്യവുമാണ്. യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, പ്രധാന സംഭവങ്ങൾ തുടങ്ങി പല ചരിത്രനിമിഷങ്ങളെയും ഫോട്ടോകളിലൂടെയാണ് ലോകം കണ്ടത്.

സുഡാനിലെ ഭക്ഷ്യക്ഷാമത്തിന്റെ പ്രതീകമായി മാറിയ ഇഴഞ്ഞുനീങ്ങുന്ന എല്ലരിച്ച ഒരു കുഞ്ഞും ആ കുഞ്ഞിനെ ഭക്ഷണമാക്കാൻ കാത്തിരിക്കുന്ന കഴുകനും, വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കിയ നാപാം പെൺകുട്ടി, ടിയാനൻമെൻ സ്‌ക്വയർ പ്രക്ഷോഭത്തിനിടെ ടാങ്കുകളെ ചെറുക്കുന്ന ചൈനീസ് യുവാവിന്റെ ടാങ്ക് മാൻ തുടങ്ങി എത്രയെത്ര ചിത്രങ്ങളാണ് ലോകത്തെ നടുക്കിയത്.

സ്വന്തം ജീവൻ നഷ്ടമാകുമ്പോഴും ക്യാമറയെ നെഞ്ചോട് ചേർത്തവർ എത്രയോ പേരുണ്ട്. ജീവൻ തുടിക്കുന്ന ചിത്രങ്ങളായി അവർ കരുതിവച്ച ജീവന്റെ തുടിപ്പുകളാണ് ഇന്നും നമുക്കൊപ്പമുള്ളത്. അവരൊപ്പിയെടുത്ത ആ നിമിഷങ്ങൾ യുദ്ധത്തിന്റെ ഭീകരതയ്ക്കെതിരെയും അഭയാർത്ഥികളുടെ ദുരിതങ്ങൾക്കെതിരെയും ശബ്ദിക്കാൻ ലോകത്തിന് നാവു നൽകുന്നു.

ADVERTISEMENT