ശുചിത്വഭേരിയില്‍ ഗുരുവായൂര്‍ നഗരസഭക്ക് ആദരവ്

ദേശീയ നഗര ശുചിത്വ സര്‍വേയില്‍ മികച്ച മുന്നേറ്റം നടത്തിയ നഗരസഭകളെ സംസ്ഥാന തലത്തില്‍ ആദരിച്ച ശുചിത്വഭേരിയില്‍ ഗുരുവായൂര്‍ നഗരസഭക്ക് ആദരവ്. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങ് തദ്ദേശ മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ നഗര ശുചിത്വ സര്‍വേയില്‍ ആദ്യ നൂറ് റാങ്കില്‍ കേരളത്തില്‍ നിന്ന് ഇടംപിടിച്ച എട്ട് നഗരങ്ങളിലൊന്ന് ഗുരുവായൂര്‍ നഗരസഭ ആയിരുന്നു. കൂടാതെ സംസ്ഥാനത്ത് ആദ്യമായി 23 നഗരസഭകള്‍ക്ക്, ഗാര്‍ബേജ് ഫ്രീ സിറ്റി – സ്റ്റാര്‍ റേറ്റിങ് പദവി ലഭിച്ചതിലും ഗുരുവായൂര്‍ ഉള്‍പ്പെട്ടിരുന്നു. സംസ്ഥാനത്ത് ആകെ മൂന്ന് നഗരസഭകള്‍ക്ക് ഒ.ഡി.ഫ്++ ലഭിച്ചപ്പോള്‍ അതില്‍ ഒന്ന് ഗുരുവായൂരായിരുന്നു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ അശോക് കുമാര്‍, മുന്‍ ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ്. ലക്ഷ്മണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹര്‍ഷിദ്, രാഖി എന്നിവര്‍ ചേര്‍ന്ന് മന്ത്രിയില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങില്‍, ഹരിതമിത്രം ആപ്ലിക്കേഷന്റെ പുതിയ പതിപ്പായ ഹരിതമിത്രം 2.0 ഔദ്യോഗിക ലോഞ്ചിങ്ങും തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ ഗ്രേഡിങ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ADVERTISEMENT