കെസിഎല്ലിൽ കുതിപ്പ് തുടർന്ന് തൃശൂർ ടൈറ്റൻസ്. അദാനി തിരുവനന്തപുരം റോയൽസിനെതിരെ വിജയിച്ച ടൈറ്റൻസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. 11 റൺസിനാണ് ടൈറ്റൻസ് റോയൽസിനെതിരെ വിജയിച്ചത്. അഞ്ച് മത്സരത്തിൽ നാലും ജയിച്ചാണ് ടൈറ്റൻസ് ഒന്നാം സ്ഥാനത്തെത്തിയത്. എട്ട് പോയിന്റാണ് തൃശൂരിനുള്ളത്.
അഞ്ച് മത്സരത്തിൽ മൂന്ന് വിജയവുമായി ആറ് പോയിന്റോട് കൂടി കൊച്ചി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. എന്നാൽ മഴയെ തുടർന്ന് ട്രിവാൺഡ്രം റോയൽസിന്റെ വിജയലക്ഷ്യം 12 ഓവറിൽ 148 റൺസായി പുതുക്കി നിശ്ചയിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് മാത്രമാണ് നേടാനായത്. മൂന്നോവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ എം ഡി നിധീഷാണ് കളിയിലെ താരം.
വീണ്ടുമൊരു ബാറ്റിങ് വെടിക്കെട്ടിന്റെ പൂരമൊരുക്കിയ അഹ്മദ് ഇമ്രാനാണ് തൃശൂരിന്റെ വിജയത്തിന് അടിത്തറയിട്ടത്. അവിസ്മരണീയമായൊരു ഇന്നിങ്സായിരുന്നു റോയൽസിനെതിരെ അഹ്മദ് ഇമ്രാന്റേത്. ആദ്യ ഓവറിലെ മൂന്ന് പന്തുകൾ അതിർത്തി കടത്തി കൂറ്റനടികൾക്ക് തുടക്കമിട്ട ഇമ്രാൻ 23 പന്തുകളിൽ അൻപത് തികച്ചു. മറുവശത്ത് 32 റൺസെടുത്ത ആനന്ദ് കൃഷ്ണൻ ഇമ്രാന് മികച്ച പിന്തുണ നല്കി.
49 പന്തുകളിൽ 13 ഫോറും നാല് സിക്സുമടക്കം 98 റൺസായിരുന്നു ഇമ്രാന്റെ സമ്പാദ്യം. തുടർന്നെത്തിയ അക്ഷയ് മനോഹർ അതേ വേഗത്തിൽ തകർത്തടിച്ചതോടെയാണ് തൃശൂരിന്റെ സ്കോർ 200 കടന്ന് മുന്നേറിയത്. വെറും 20 പന്തുകളിലായിരുന്നു അക്ഷയ് അർദ്ധശതകം പൂർത്തിയാക്കിയത്. 22 പന്തുകളിൽ ഏഴ് സിക്സടക്കം 54 റൺസുമായി അക്ഷയ് പുറത്താകാതെ നിന്നു.
ഏറ്റവും കൂടുതൽ റൺസ് നേടിയവരിലും കൊച്ചിയുടെ സഞ്ജു സാംസണിനേക്കാൾ മുന്നിൽ തൃശൂരിന്റെ അഹ്മദ് ഇമ്രാനാണ്. അഞ്ച് മത്സരത്തിൽ നിന്നും 69.40 ശരാശരിയിൽ 347 റൺസാണ് ഇമ്രാന് അടിച്ചുക്കൂട്ടിയിരിക്കുന്നത്. 171 സ്ട്രൈക്ക് റേറ്റിലാണ് അദ്ദേഹം ബാറ്റ് വീശിയിരിക്കുന്നത്.
രണ്ടാം സ്ഥാനത്തുള്ള സഞ്ജു സാംസൺ മൂന്ന് ഇന്നിങ്സിൽ നിന്നും 223 റൺസാണ് നേടിയിട്ടുള്ളത്.