സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘സ്ത്രീ’ ക്യാമ്പയിന്റെ ചാവക്കാട് നഗരസഭതല ഉദ്ഘാടനം പാലയൂര്‍ അര്‍ബന്‍ ഹെല്‍ത്ത് സെന്ററില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി ജനകീയാരോഗ്യ കേന്ദ്രങ്ങളിലും നഗര ആരോഗ്യ കേന്ദ്രങ്ങളിലും എല്ലാ ചൊവ്വാഴ്ചകളിലും പ്രത്യേക സ്ത്രീ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.
ഈ ക്ലിനിക്കുകളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മെച്ചപ്പെട്ട ചികിത്സയും സേവനങ്ങളും ലഭിക്കും. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് അന്‍വര്‍, പാലയൂര്‍ അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ ഡോക്ടര്‍ സുമയ്യ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സെപ്റ്റംബര്‍ 16 മുതല്‍ 2026 മാര്‍ച്ച് 8 വരെയാണ് ക്യാമ്പയിന്‍ നടക്കുന്നത്.