ചാവക്കാട് വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരട്ടപ്പുഴ കല്ലിപ്പറമ്പില്‍ ഷഹര്‍ബാനും കുടുംബവും
വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് ഞായറാഴ്ച പുലര്‍ച്ചെ പൊട്ടിത്തെറിച്ചത്. വീട്ടില്‍ ഉറങ്ങുകയായിരുന്ന കിടപ്പ് രോഗിയായ ഷഹര്‍ബാന്റെ മാതാവ് നഫീസയും കുട്ടികളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ വൈദ്യുതി നിലച്ചതിനാല്‍ ഷഹര്‍ബാന്റെ മകള്‍ ഉണരുകയും ഈ സമയം ഫ്രിഡ്ജില്‍ നിന്നും തീ ഉയരുന്നത് കാണുകയുമായിരുന്നു. ഉടനെ എല്ലാവരും പുറത്തേക്കിറങ്ങുകയും വലിയ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയുമായിരുന്നു. വീടിനകത്തെ മറ്റു സാമഗ്രികളും സ്‌ഫോടനത്തില്‍ കത്തിനശിച്ചു. ടിവി, സ്വിച്ചുകള്‍, നിലത്തെ ടൈലുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവക്കുള്‍പ്പെടയാണ് നാശനഷ്ടമുണ്ടായത്. രണ്ടുവര്‍ഷം മുമ്പ് പതിനാലായിരത്തോളം രൂപമുടക്കി വാങ്ങിയ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്.