ലാ നിന വരുന്നു! ഇന്ത്യ തണുത്ത് വിറയ്ക്കും!

വളരെ രൂക്ഷമായൊരു മൺസൂൺ കാലം കടന്നുപോയിട്ടെയുള്ളു, ഇതിനിടയില്‍ നിരവധി തവണയുണ്ടായ മേഘവിസ്‌ഫോടനങ്ങള്‍ മൂലം ഉത്തരേന്ത്യയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ മുഴുവൻ കണക്കുകളും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. അതിനിടയില്‍ ഇതുവരെ കണ്ടതിലും ഏറ്റവും താപനില കുറഞ്ഞ തണുപ്പുകാലത്തേക്കാണ് നാം പോകാനൊരുങ്ങുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കാരണമാകട്ടെ ലാ നിനയും!

 

ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റും യുഎസ് ക്ലൈമറ്റ് സെന്ററുമാണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. സമീപവർഷങ്ങളിലെ ഏറ്റവും ശക്തമായ രീതിയിലാകും ഈ പ്രതിഭാസം ഇന്ത്യയിലുണ്ടാകുകയെന്നാണ് ഇവർ നൽകുന്ന മുന്നറിയിപ്പ്. 2025 അവസാനത്തോടെ ഇത് ശക്തമായ നിലയിലേക്ക് ഉയരുമെന്നുമാണ് പറയുന്നത്. കോടിക്കണക്കിന് ആളുകളെ, അതും ഉത്തരേന്ത്യക്കാരെയാകും രൂക്ഷമായ ശീത തരംഗം ബാധിക്കുക.

സ്പാനിഷ് ഭാഷയിൽ കുഞ്ഞു പെൺകുട്ടിയെന്നാണ് ലാ നിന എന്ന പദത്തിന്റെ അർത്ഥം. എൽ നിനോ സതേൺ ഓസിലേഷന്റെ ഭാഗമാണിത്. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പസഫിക്കിലെ അസാധാരണമാം വിധം തണുത്ത താപനിലയാണ് ലാ നിനയുടെ സവിശേഷത. ലാ നിന എന്ന അവസ്ഥയിൽ തെക്കൻ അമേരിക്കയ്ക്ക് സമീപത്തുള്ള കിഴക്കൻ പസഫിക്കിൽ തണുത്ത ജലമായിരിക്കും എന്നാല്‍ ഇന്തോനേഷ്യയ്ക്കും ഓസ്‌ട്രേസലിയയ്ക്കും സമീപത്തുള്ള പശ്ചിമ പസഫിക്കിൽ ഇതേസമയം ജലം ചൂടായിരിക്കും. ഈ മാറ്റം ആഗോള കാലാവസ്ഥയെ തന്നെ സാരമായി ബാധിക്കും.

ശാന്തസമുദ്രത്തിലെ ലാ നിന പ്രതിഭാസം, ഏഷ്യയിലേക്കുള്ള അന്തരീക്ഷത്തിലൂടെയുള്ള വായു തരംഗങ്ങളുടെ വേഗത കൂട്ടും. അത്രയും തണുപ്പേറിയ തരംഗങ്ങൾ വടക്കൻ ഇന്ത്യൻ പ്രതലങ്ങളിലേക്ക് ആഴിന്നിറങ്ങുന്നതോടെ അതിശൈത്യവും ഉണ്ടാവുന്നു. സാധാരണയായി ലാ നിന ഇന്ത്യയ്ക്ക് വളരെ നല്ല അനുഭവമാണ് സമ്മാനിച്ചിട്ടുള്ളത്. ശക്തമായ മഴ കൃഷിക്ക് മികച്ചതാണെന്ന് മാത്രമല്ല ഭൂഗർഭജലത്തിന്റെ അളവും കൂട്ടും. പക്ഷേ ശൈത്യം അതിശൈത്യത്തിലേക്ക് മാറുമ്പോൾ പല കുന്നിൽ പ്രദേശങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടാകും. ഇത് കാർഷിക ഉത്പന്നങ്ങളെയും ഗതാഗതത്തെയും സാരമായി തന്നെ ബാധിക്കും.

ഇതിനിടയിൽ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ലാ നിനയുടെ അനന്തഫലങ്ങളെയും മാറ്റിമറിയ്ക്കുന്ന സ്ഥിതിയുമുണ്ട്. കാലാവസ്ഥ മാറിമറിയുന്ന അവസ്ഥയാണ് പലപ്പോഴും സംഭവിക്കുന്നത്. ലാ നിന നിലവിലുള്ള സമയം തന്നെ, പലയിടങ്ങളും സാധാരണയിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. ഇത്തവണയും അത് സംഭവിക്കാം എന്നാണ് കരുതുന്നത്.

ADVERTISEMENT