ഗുരുവായൂരിലെ ഹോട്ടല്‍ ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയ അസി. ലേബര്‍ ഓഫിസര്‍ അറസ്റ്റില്‍

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തെ പ്രമുഖ ഹോട്ടലുടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയ അസി. ലേബര്‍ ഓഫിസര്‍ അറസ്റ്റില്‍. ചാവക്കാട് അസി. ലേബര്‍ ഓഫീസറായിരുന്ന കെ.എ. ജയപ്രകാശിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ താത്ക്കാലിക ജോലിക്കാര്‍ കൂടുതലായതിന് നടപടിയെടുക്കാതിരിക്കാന്‍ എന്ന പേരിലാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് പരാതിക്കാരന്‍ പറഞ്ഞു. 10,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെടുകയും ആദ്യപടിയായി 5000 രൂപ നിര്‍ബന്ധിച്ച് വാങ്ങുകയും ചെയ്തു. ഇതിനിടെ ജയപ്രകാശിനെ ചാവക്കാട് നിന്ന് കാക്കനാട് ലേബര്‍ ഓഫീസിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ വിവരം മാനേജരില്‍ നിന്നും മറച്ചുവെച്ച് ബാക്കി തുകയായ 5000 ഗൂഗിള്‍ പേ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതു സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ നേരിട്ട് വന്ന് പണം വാങ്ങിക്കൊള്ളാമെന്ന് അറിയിച്ചു. ഇക്കാര്യം ഹോട്ടല്‍ മാനേജര്‍ വിജിലന്‍സിനെ അറിയിക്കുകയും ചൊവ്വാഴ്ച ഉച്ചയോടെ പണം വാങ്ങാന്‍ ഹോട്ടലിലെത്തിയ ജയപ്രകാശിനെ കാത്തുനിന്ന് വിജിലന്‍സ് സംഘം പിടികൂടുകയുമായിരുന്നു.

ADVERTISEMENT