മെസിപ്പടയിൽ ആരൊക്കെ? കേരളത്തിലെത്തുന്ന അർജന്റീന ടീമിനെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും

കേരളത്തിലെത്തുന്ന അർജന്റീന ടീമിനെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. സൂപ്പർ താരം ലയണൽ മെസിക്ക് പുറമേ അർജന്റീനയുടെ നീലക്കുപ്പായത്തിൽ ആരൊക്കെ കളിക്കാനെത്തും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. മത്സര തീയതിയും എതിരാളികളേയും രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും.

ഒരുക്കങ്ങളിൽ പൂർണ തൃപ്തിയെന്ന് കഴിഞ്ഞ ദിവസം കൊച്ചി സന്ദർശിച്ച അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര അറിയിച്ചിരുന്നു. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണം ഉൾപ്പെടെയുള്ളവയിൽ സന്തോഷവാനെന്നും കബ്രേര പറഞ്ഞിരുന്നു. അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര ഇന്ന് നാട്ടിലേക്ക് മടങ്ങും.

 

കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മോടിപിടിക്കൽ ഉടൻ തുടങ്ങും.

ദിവസങ്ങൾക്ക് മുൻ‌പാണ് അർജന്റീന ഫുട്ബോൾ‌ ടീമിന്റെ കേരളത്തിലെ മത്സരം കൊച്ചിയിൽ നടക്കുമെന്ന് സർക്കാർ അറിയിച്ചത്. നേരത്തെ മെസിയും സംഘവും കേരളത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത കുറവുണ്ടായിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങളാൽ കൊച്ചിയിലെ ജവഹർലാൽ‌ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

കൊച്ചി നേരത്തെ തന്നെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് . മുമ്പ് അണ്ടർ 17 ലോകകപ്പ് സമയത്താണ് ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയർത്തിയത്. അതേസമയം സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം അടുത്തിടെ കുറച്ചിരുന്നു. നിശ്ചയിച്ച തീയതി അടുത്തിരിക്കെ എത്രയും പെട്ടെന്ന് സ്റ്റേഡിയം പൂർണ സജ്ജമാക്കാനാണ് നീക്കം.

നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

ADVERTISEMENT