കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറി ഗതാഗതം നിരോധിച്ച തൃശൂര്‍ – കുന്നംകുളം പാതയില്‍ വാഹനഗതാഗതം പുനസ്ഥാപിച്ചു. പേമാരിയെ തുടര്‍ന്ന് ചൂണ്ടല്‍ മുതല്‍ തൂവ്വാന്നൂര്‍ വരെയുള്ള മേഖലയില്‍ വെള്ളം കയറിയതോടെയാണ് രണ്ടു ദിവസം ഇതു വഴിയുള്ള ഗതാഗതം കുന്നംകുളം പോലീസ് നിരോധിച്ചത്. ബുധനാഴ്ച്ച വൈകീട്ടോടെ റോഡിലെ ജലനിരപ്പ് താഴ്ന്നിരുന്നു. ഇതോടെ വലിയ ചരക്ക് ലോറികളും, സ്വകാര്യ ബസ്സുകളും ഉള്‍പ്പെടെയുള്ളവ കടത്തിവിടുകയായിരുന്നു. ചെറിയ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം തുടര്‍ന്നെങ്കിലും, കാറും ബൈക്കും ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ യാത്രികര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ യാത്ര ചെയ്യാന്‍ മുതിരുകയായിരുന്നു.