എരുമപ്പെട്ടി പതിയാരത്ത് പശു പേയിളകി ചത്തു

എരുമപ്പെട്ടി പതിയാരത്ത് പശു പേയിളകി ചത്തു. പാല്‍ കുടിച്ചവര്‍ വാക്‌സിന്‍ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. പതിയാരം നീര്‍ത്താട്ടില്‍ ചന്ദ്രന്റെ വീട്ടില്‍ വളര്‍ത്തുന്ന കറവയുള്ള പശുവാണ് പേയിളകി ചത്തത്. ദിവസങ്ങള്‍ക്കു മുമ്പ് പേ പിടിച്ച തെരുവുനായ നാട്ടുകാരെയും വളര്‍ത്തു മൃഗങ്ങളെയും കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഈ പശുവിനും അന്ന് കടിയേറ്റിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. പേ പിടിച്ച ലക്ഷണങ്ങള്‍ ഉള്ള പശു ആളുകളെ ആക്രമിക്കാന്‍ ശ്രമിക്കുകയും തലയിടിച്ച് ചോര വാര്‍ന്ന് ചാവുകയുമായിരുന്നു.

മൃഗസംരക്ഷണവും ആരോഗ്യവിഭാഗവും നടത്തിയ പരിശോധനയിലാണ് പശുവിന് പേ വിഷബാധയേറ്റതാണെന്ന് കണ്ടെത്തിയത്. പശുവുമായി ഇടപഴകിയവരെയും ചികിത്സ നടത്തിയ ഡോക്ടറേയും വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയിട്ടുണ്ട്. പശുവിന്റെ പാല്‍ വാങ്ങുന്ന കുടുംബങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്. തിളപ്പിക്കാതെ പാല്‍ കുടിച്ചിട്ടുണ്ടെങ്കില്‍ അവര്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ADVERTISEMENT