പെരുമ്പിലാവ് ജംഗ്ഷനില്‍ കുടിവെള്ള എ.ടി.എം പ്രവര്‍ത്തനം ആരംഭിച്ചു

പെരുമ്പിലാവ് ജംക്ഷനിലെ പൊതുകിണറിനോടു ചേര്‍ന്ന് ആറര ലക്ഷം രൂപ ചെലവിട്ടു നിര്‍മിച്ച കുടിവെള്ള എ.ടി.എം പ്രവര്‍ത്തനം തുടങ്ങി. എ.ടി.എമ്മിന്റെ ഉദ്ഘാടനം കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സി.എ. ഫൗസിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാല്‍ മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് അംഗങ്ങളായ പ്രഭാത് മുല്ലപ്പിള്ളി, ബിന്ദു ധര്‍മന്‍, സൌദ അബൂബക്കര്‍, പി.എം.നിഷില്‍കുമാര്‍, ഘോഷ് പൂവത്തിങ്കല്‍, എം.എന്‍.നിര്‍മല, ഉഷ ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു രൂപയുടെയോ, രണ്ടു രൂപയുടെയോ നാണയം യന്ത്രത്തിലിട്ടാല്‍ ഒരു ലിറ്റര്‍ ശുദ്ധജലം ലഭിക്കുന്ന തരത്തിലാണ് എം.ടി.എം ക്രമീകരിച്ചിരിക്കുന്നത്.

തണുത്ത വെള്ളമോ സാധാരണ വെള്ളമോ തിരഞ്ഞെടുക്കാം. ജംക്ഷനിലെ, കാടുമൂടി നശിച്ചു കൊണ്ടിരുന്ന പൊതുകിണര്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു പഞ്ചായത്ത് പദ്ധതി ആരംഭിച്ചത്. കിണറ്റിലെ വെള്ളം റിവേഴ്‌സ് ഓസ്‌മോസിസ് സംവിധാനം ഉപയോഗിച്ചു ലവണങ്ങള്‍, ഘനലോഹങ്ങള്‍, ബാക്ടീരിയകള്‍, വൈറസുകള്‍, മറ്റു മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്താണ് എ.ടി.എം വഴി വിതരണം ചെയ്യുന്നത്. ഇതിനായി കിണറിനോടു ചേര്‍ന്ന് ശുദ്ധീകരണ പ്ലാന്റും നിര്‍മ്മിച്ചിട്ടുണ്ട്.

ADVERTISEMENT