സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. 78 വയസായിരുന്നു. രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് രണ്ട് പേരാണ് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം മരിച്ചത്. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നറിയാൻ പഠനം നടക്കുന്നുണ്ടോ എന്നതിൽ പോലും വ്യക്തതയില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകളാണ് ഈ മാസം മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.
അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലോകത്ത് റിപ്പോർട്ട് ചെയ്തിരുന്ന രോഗമാണ് കേരളത്തിൽ ദിവസവും രണ്ടും മൂന്നും പേർക്ക് വീതം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം 38 പേർക്കായിരുന്നു രോഗബാധയെങ്കിൽ ഈ വർഷം ഇതുവരെ മാത്രം 129 പേർക്കാണ് രോഗം ബാധിച്ചത്. പഠനം നടത്തുന്നെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും പഠനത്തിന്‍റെ കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകൾ കൈമലർത്തുകയാണ്. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഡിഎച്ച്എസും ഡിഎംഇയും ഐസിഎംആറും ചേർന്ന് നടത്തുന്ന കേസ് കൺട്രോൾ സ്റ്റഡി ഇപ്പോഴും പ്രാരംഭാവസ്ഥയിലാണ്. പഠനമാതൃക മാത്രമേ ആയിട്ടുള്ളൂ.
ഫീൽഡിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടില്ല. പഠനം എന്ന് പൂർത്തിയാകുമെന്നും അറിയില്ല. രോഗികളുടെ എണ്ണം ഉയരുന്നതിൽ പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നാണ് ഏറ്റവും പ്രധാനമായും ഉയർന്ന സംശയം. ഇക്കാര്യങ്ങളും പഠിക്കുന്നുണ്ടെന്നായിരുന്നു ആരോഗ്യവകുപ്പ് പറഞ്ഞത്. സിഇടിയിലെ എൻവയോണ്‍മെന്‍റല്‍ എഞ്ചിനീയറിംഗും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡും ആരോഗ്യവകുപ്പും ചേർന്നുള്ള പഠനമായിരുന്നു ആലോചനയിൽ. പക്ഷെ ഈ പഠനത്തെ പറ്റി നിലവില്‍ ആർക്കും ഒന്നുമറിയില്ല. പഠനം നടക്കുന്നുണ്ടോ എന്ന് പോലും അവ്യക്തമാണ്.
ഈ മാസം ഇതുവരെ മാത്രം 41 പേർക്കാണ് അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷമാകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകൾ ഒരൊറ്റ മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വിമിംഗ് പൂളിൽ തുടങ്ങി കുളവും കിണറും ടാങ്കും ഒക്കെ രോഗവാഹിനികളാകുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മസ്തിഷ്കജ്വര കേസുകളിലെല്ലാം അമീബിക്കാണോ എന്ന പരിശോധന പ്രത്യേകം നടത്തുന്നുണ്ട്. ഇതാണ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിന് ഒരു കാരണം. എന്നാൽ മിക്ക കേസുകളിലും രോഗഉറവിടം അവ്യക്തമാണ്. വിവിധ വകുപ്പുകൾ ചേർന്നുള്ള പ്രവർത്തനം രോഗനിയന്ത്രണത്തിന് അനിവാര്യമാണ്.