ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ ശബരിമലയിലെ സ്വര്‍ണം കണ്ടെത്തി; കണ്ടെത്തിയത് ഗോവര്‍ധന് വിറ്റ സ്വര്‍ണം

ശബരിമലയില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ സ്വര്‍ണം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തെളിവെടുപ്പിനിടെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്നാണ് കട്ടികളുടെ രൂപത്തില്‍ പ്രത്യേക അന്വേഷണസംഘം സ്വര്‍ണം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് എസ്‌ഐടി സംഘം ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവര്‍ധനന്റെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും സാന്നിധ്യത്തില്‍ സ്വര്‍ണം വീണ്ടെടുത്തത്. 476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് വിറ്റിരുന്നത്. ഇത് മുഴുവന്‍ വീണ്ടെടുക്കാനായോ എന്നതില്‍ വ്യക്തതയില്ലെങ്കിലും ഭൂരിഭാഗം പങ്കും കണ്ടെത്തിയെന്നാണ് വിവരം.

സ്വര്‍ണം വിറ്റതായി ഉണ്ണികൃഷ്ണന്‍ പോറ്റിയും വാങ്ങിയതായി ഗോവര്‍ധനും സമ്മതിച്ചിരുന്നു. ബെല്ലാരിയിലെ റോദ്ദം ജ്വല്ലറി ഉടമയാണ് ഗോവര്‍ധന്‍. ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് ഗോവര്‍ധന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയപ്പെടുന്നത്. അന്ന് ശബരിമലയിലെ പൂജാരിയെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം പരിചയപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിന്റെ വാതില്‍ ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിലും പ്രദര്‍ശിപ്പിച്ച് പൂജകള്‍ നടത്തിയിരുന്നു.

സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി എടുത്ത 109 ഗ്രാം സ്വര്‍ണ്ണവും വീണ്ടെടുക്കാനാണ് എസ്‌ഐടിയുടെ ശ്രമം. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകത്തിലെ മറ്റ് പലരില്‍ നിന്നും സ്വര്‍ണവും പണവും വാങ്ങിയതായും എസ്‌ഐടി കണ്ടെത്തിയിരുന്നു. തന്റെ പക്കല് നിന്ന് സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ പലപ്പോഴായി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം വാങ്ങിയതായി ഗോവര്‍ധന്‍ മൊഴി നല്‍കിയിരുന്നു. സന്നിധാനത്തെ വാതിലിലും കട്ടിളയിലും പൂശാന്‍ സ്വര്‍ണം നല്‍കിയത് താനാണ്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ തന്റെ പേരിലുള്ള ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും ഗോവര്‍ധന്‍ മൊഴി നല്‍കി.

 

ADVERTISEMENT