തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് രണ്ടുഘട്ടമായാവും നടക്കുകയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് തീയതികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി എന്നിവയടക്കം ഉച്ചയോടെ അറിയാം.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പൂർത്തിയായിരുന്നു. പ്രഖ്യാപനത്തിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 21നകം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം.
പലയിടങ്ങളിലും സ്ഥാനാർത്ഥി പ്രഖ്യാപനവും പുരോഗമിക്കുന്നുണ്ട്. പല കോർപ്പറേഷനുകളിലും യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ചിരുന്നു. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്. വി വി രാജേഷ് കൊടുങ്ങാനൂരിലും ആര്‍ ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിലും മത്സരിക്കും.
പാളയത്ത് മുന്‍ അത്‌ലറ്റ് പദ്മിനി തോമസും തമ്പാനൂരില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ വാര്‍ഡില്‍ ദേവിമ പിഎസും മത്സരിക്കും. കരുമത്ത് ആശാനാഥിനെയും നേമത്ത് എം ആര്‍ ഗോപനെയും ബിജെപി രംഗത്തിറക്കി. കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. കവടിയാറില്‍ അടുത്ത ഘട്ടത്തില്‍ മാത്രമായിരിക്കും പ്രഖ്യാപനം.



