കുന്നംകുളം ഉപജില്ലാ സ്കൂള്‍ കലോത്സവം എരുമപ്പെട്ടിയില്‍ ആരംഭിച്ചു. കലാ വിസ്മയങ്ങള്‍ പെയ്തിറങ്ങുന്ന നാല് ദിനരാത്രങ്ങള്‍ക്കാണ് എരുമപ്പെട്ടി സാക്ഷ്യം വഹിക്കുന്നത്. 11-ാം തിയ്യതി മുതല്‍ 14-ാം തിയ്യതി വരെയാണ് കലോത്സവം നടക്കുന്നത്. എരുമപ്പെട്ടി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഗവണ്മെന്റ് എല്‍.പി.സ്കൂള്‍, നിര്‍മ്മല ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍, പ്രസിഡന്‍സി കോളേജ്, ഹോപ്പ് പബ്ലിക് സ്കൂള്‍, സ്കൈ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് വേദികള്‍ ഒരുക്കിയിട്ടുള്ളത്. എട്ട് പ്രധാന വേദികളും ഉപവേദികളും ഉള്‍പ്പടെ 15 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ന് ഓഫ് സ്റ്റേജ് മത്സരങ്ങളാണ് പ്രധാനമായും നടക്കുന്നത്.
എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി നാലാം വേദിയായ നിര്‍മ്മല സ്കൂളില്‍ നാടോടി നൃത്തവും ഹയര്‍ സെക്കന്ററി സ്കൂളിലെ ഒന്നാം വേദിയില്‍ ലളിത ഗാന മത്സരവും നടക്കുന്നുണ്ട്.12-ാം തിയ്യതി രാവിലെ 9.30 ന് എരുമപ്പെട്ടി ഗവ.ഹയര്‍ സെകന്ററി സ്കൂളിലെ പ്രധാന വേദിയില്‍ ഉദ്ഘാടന സമ്മേളനം നടക്കും. തുടര്‍ന്ന് സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കും. 89 സ്കൂളുകളില്‍ നിന്നായി 7377 വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. എരുമപ്പെട്ടി ദുബായ് പാലസ് ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല ഒരുക്കിയിട്ടുള്ളത്. ദിവസവും 5000 പേര്‍ക്കുളള ഭക്ഷണമാണ് തയ്യാറാക്കുന്നത്.



