ഐപിഎല്‍ താരകൈമാറ്റത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൈമാറ്റം സംബന്ധിച്ച് ഇരു ടീമുകളും ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കരണെയും ചെന്നൈ രാജസ്ഥാന് വിട്ടുനൽകാനായിരുന്നു പദ്ധതി. ഔദ്യോഗിക സ്ഥിരീകരണം മാത്രം വരാനിരിക്കെയാണ് കൈമാറ്റത്തിൽ പുതിയ പ്രതിസന്ധി ഉടലെടുത്തത്.
കൈമാറ്റത്തില്‍ വിദേശതാരമായ സാം കറന്‍ ഉള്‍പ്പെട്ടതോടെ കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവിലെ വിദേശ താരങ്ങളില്‍ ഒരാളെ ഒഴിവാക്കാതെ ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ സാം കറനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന് കഴിയില്ല.
സാം കറന്റെ പ്രതിഫലവും കരാറിന് തടസ്സമാണ്. ചെന്നൈയില്‍ 2.4 കോടി രൂപയാണ് കറന്റെ പ്രതിഫലം. രാജസ്ഥാന് ആകെ 30 ലക്ഷം രൂപമാത്രമാണ് ലേലത്തില്‍ ബാക്കി ഉളളത്. ടീമിലെ വിലയേറിയ താരങ്ങളെ വിറ്റ് മാത്രമേ രാജസ്ഥാന് ജഡേജയെയും സാം കറനേയും സ്വന്തമാക്കാന്‍ കഴിയൂ.
എന്തായാലും, ജഡേജ, സാം കറന്‍ എന്നിവരില്‍ നിന്ന് ചെന്നൈ ടീമും സഞ്ജുവില്‍ നിന്ന് രാജസ്ഥാനും സമ്മതപത്രം ഒപ്പിട്ടുവാങ്ങി. ബിസിസിഐ, ഇസിബി ബോര്‍ഡുകളുടെ അനുമതിയോടെ താരക്കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാകും. 48 മണിക്കൂറിനുള്ളില്‍ നടപടികളെല്ലാം പൂര്‍ത്തിയാകുമെന്ന് സിഎസ്‌കെ വൃത്തങ്ങള്‍ സൂചിപ്പിച്ചു.



