ഗുരുവായൂരില്‍ തുണിക്കടയ്ക്ക് തീപിടിച്ചു. ഇന്നര്‍ റിംഗ് റോഡില്‍ ദേവസ്വത്തിന്റെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് കേന്ദ്രത്തിന് സമീപം ശബരിമല സീസണിന്റെ ഭാഗമായി ഇരുമ്പ് ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക കടയിലാണ് തീപിടുത്തം ഉണ്ടായത്.രാവിലെ 11. 15ന് കടയുടെ പുറകുവശത്തു നിന്ന് തീ ഉയരുന്നത് പാര്‍ക്കിംഗ് കേന്ദ്രത്തിനു മുകളിലുള്ളവരാണ് കണ്ടത്. പാര്‍ക്കിംഗ് കേന്ദ്രത്തിലെ അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എസ്. ബിജുവിന്റെ നേതൃത്വത്തില്‍ 2 യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
വസ്ത്രങ്ങളും ഇരുമ്പ് റാക്കുകളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും കത്തി നശിച്ചു. 8 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ നെന്മിനി പയ്യപ്പാട്ട് വിഷ്ണു പറഞ്ഞു. ഇരുമ്പ് ഷീറ്റിനുള്ളില്‍ ഈ കടയോട് ചേര്‍ന്ന് മറ്റൊരു തുണി കടയും ഹോട്ടലും പ്രവര്‍ത്തിച്ചിരുന്നു. ഈ കടയിലെ തുണികളും ഹോട്ടലിലെ ഗ്യാസ് സിലിണ്ടറുകളും ഉടന്‍തന്നെ നീക്കം ചെയ്തു. കടയുടെ പുറകില്‍ പേപ്പര്‍ മാലിന്യം കത്തിച്ചതില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടുത്തത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.



