സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന് റെയില്‍വേ. കോട്ടയത്ത് നിന്ന് ആറ് ഔട്ട്‌ലറ്റുകള്‍ മാറ്റേണ്ടിവരും. മദ്യപര്‍ ട്രെയിനില്‍ കയറുന്നത് സമീപത്ത് ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ ഉള്ളതിനാലെന്നാണ് റെയില്‍വേയുടെ വാദം.
തീരുമാനം ബെവികോ തള്ളിയിട്ടുണ്ട്. വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് അടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി റെയില്‍വേ ബെവ്‌കോയ്ക്ക് കത്തയക്കുകയായിരുന്നു. ഈ കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് പല റെയില്‍വേ സ്റ്റേഷനുകളുടെയും സമീപത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് കൂടുതലായും മദ്യപന്‍മാര്‍ ട്രെയിനില്‍ കയറുന്നത്. അതിനാല്‍ തന്നെ 17 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റണമെന്നാണ് റെയില്‍വേ പറഞ്ഞിരുന്നത്.
കോട്ടയത്ത് ആറ് ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്നാണ് നിര്‍ദേശം. തിരുവനന്തപുരത്തും കൊച്ചിയിലും മൂന്നെണ്ണം വീതവും മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ ആവശ്യം പൂര്‍ണമായും ബെവ്‌കോ തള്ളുകയാണ്. മദ്യപന്‍മാര്‍ റെയില്‍വേ പരിസരത്ത് കയറുന്നത് തടയേണ്ടത് റെയില്‍വേയാണെന്നും റെയില്‍വേ പൊലീസിനാണ് അതിന്റെ ഉത്തരവാദിത്തമെന്നുമാണ് ബെവ്‌കോ വ്യക്തമാക്കുന്നത്.



