കുന്നംകുളം റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള സാമൂഹ്യാഘാത പഠനത്തിന്റെ പൊതുവാദം കേള്‍ക്കല്‍ നഗരസഭ ടൗണ്‍ഹാളില്‍ നടന്നു. നഗരഹൃദയത്തിലെ തിരക്ക് കുറയ്ക്കാന്‍ വിഭാവനം ചെയ്ത കിഫ്ബി പദ്ധതിയാണ് കുന്നംകുളം റിംഗ് റോഡ്. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ‘സെന്റര്‍ ഫോര്‍ ലാന്‍ഡ് & സോഷ്യല്‍ സ്റ്റഡീസ്’ നടത്തിയ സാമൂഹ്യാഘാത പഠനത്തിന്റെ കരട് റിപ്പോര്‍ട്ടിന്മേലായിരുന്നു പൊതുജനങ്ങളുടെ അഭിപ്രായം തേടിയത്. തൃശൂര്‍ – കുറ്റിപ്പുറം, ചാവക്കാട് – വടക്കാഞ്ചേരി പാതകള്‍ സംഗമിക്കുന്ന കുന്നംകുളത്ത്, ദീര്‍ഘദൂര വാഹനങ്ങളെ നഗരത്തില്‍ പ്രവേശിപ്പിക്കാതെ തിരിച്ചുവിടുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഏകദേശം 6.6 കിലോമീറ്റര്‍ നീളത്തിലാണ് റിംഗ് റോഡ് നിര്‍മ്മിക്കുന്നത്. ഇതില്‍ 2.18 കിലോമീറ്റര്‍ നീളത്തില്‍ ‘ഗ്രീന്‍ കോറിഡോര്‍’ സംവിധാനവും ഒരുക്കും. നടപ്പാതകള്‍, ജോഗിംഗ് ട്രാക്ക്, മികച്ച അഴുക്കുചാല്‍ സംവിധാനം എന്നിവ ഇതിന്റെ ഭാഗമാകും. ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമടക്കം ഏകദേശം 72 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പബ്ലിക് ഹിയറിംഗിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന അന്തിമ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറുന്നതോടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കും.



