അക്കിക്കാവിൽ വീടിന് തീപിടിച്ചു; ആറംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

പെരുമ്പിലാവ് അക്കിക്കാവിൽ വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. അക്കിക്കാവ് സ്വദേശി തറമേൽ വീട്ടിൽ മാധവന്റെ മകൻ രാജേഷിന്റെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. ചൊവ്വാഴ്ച രാത്രി 10.30-ഓടെയായിരുന്നു അപകടം. വീട്ടിലുണ്ടായിരുന്ന പ്രായമായവർ ഉൾപ്പെടെ ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

രാത്രി പത്തരയോടെ വീടിനുള്ളിൽ നിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തന്നെ പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു. നിമിഷങ്ങൾക്കകം തീ വീട് മുഴുവൻ ആളിപ്പടർന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.

കുന്നംകുളം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടുപകരണങ്ങളും രേഖകളും ഉൾപ്പെടെ വീട്ടിലെ സകല സാധനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്.

ADVERTISEMENT