ചേറ്റുവ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനു പോയി കടലില്‍ തെറിച്ചു വീണു കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. എങ്ങണ്ടിയൂര്‍ ഏത്തായി കരുപ്പയില്‍ ശങ്കുരു മകന്‍ വിജീഷാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു വിജീഷ് ഉള്‍പ്പെടെ നാലംഗ സംഘം മീന്‍പിടുത്തത്തിനായി കടലില്‍ പോയത്. കടലില്‍ വീശിയ ശക്തമായ കാറ്റിനെ തുടര്‍ന്ന് മീന്‍പിടുത്തം സാധ്യമാകാതെ തിരിച്ചു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്നുദിവസം കോസ്റ്റല്‍ പോലീസും ഫിഷറീസ് വിഭാഗവും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും വിജീഷിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് കടലില്‍ അജ്ഞാതമൃതദേഹം കണ്ടതായി കോസ്റ്റല്‍ പോലീസിനെ വിവരം അറിയിച്ചത്.



