പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തില്‍ മാസങ്ങളായി അസിസ്റ്റന്റ് എന്‍ജിനിയറുടെ സേവനമില്ലാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളടക്കമുള്ള സേവനങ്ങള്‍ക്ക് പ്രതിസന്ധി. പുതിയ ഭരണസമിതി അധികാരം ഏറ്റെടുക്കും മുന്‍പ് തന്നെ ഇവിടെയുണ്ടായിരുന്ന എ.ഇ. സ്ഥലം മാറിയിരുന്നു. ഒഴിവുവന്ന തസ്തികയില്‍ പിന്നീട് ആരെയും നിയമിച്ചില്ല. പകരം ഒരുമനയൂര്‍ പഞ്ചായത്തിലെ എ.ഇ യ്ക്ക് അധികച്ചുമതല നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് ഇവരുടെ സേവനം പുന്നയൂര്‍ക്കുളത്ത് ലഭ്യമാകുന്നത്. ഇക്കാരണത്താല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും പൂര്‍ത്തിയായവ നിര്‍വഹണത്തിനുള്ള എസ്റ്റിമേറ്റും പ്ലാനും പാസാക്കാനും ബില്ലുകള്‍ മാറാനും കാലതാമസം നേരിടുന്നുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും മുമ്പേ പഞ്ചായത്തിന്റെ വര്‍ക്കിങ് ഗ്രൂപ്പ് കൂടുകയും ഗ്രാമസഭകളും വികസനസമിതിയും ചേര്‍ന്ന് പദ്ധതി നിര്‍വഹണത്തിനുള്ള എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി സമര്‍പ്പിക്കേണ്ടതുണ്ട്. അടിയന്തിരമായി എ.ഇ.യെ നിയമിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.



