25.9 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk ഹോർമുസ് കടലിടുക്ക് അടച്ചു, കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിച്ച് നശിപ്പിക്കും: ഐആർജിസി

ഹോർമുസ് കടലിടുക്ക് അടച്ചു, കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിച്ച് നശിപ്പിക്കും: ഐആർജിസി

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ(ഐആർജിസി) അവകാശവാദം. കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്നും ഐആർജിസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.

ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുയാണ്. ആരെങ്കിലും അതുവഴി കടന്നുപോകാൻ ശ്രമിച്ചാൽ ഐആർജിസിയുടെയും നാവിക സേനയിലെയും ഹീറോകൾ അവരെ നിലംപരിശാക്കും’ എന്നാണ് ഐആർജിസിയുടെ കമാൻഡർ ഇൻ ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവായ ഇബ്രാഹിം ജബാരി പറഞ്ഞത്. ഇറാനിൽനിന്നും ഒരു തുള്ളി എണ്ണ പോലും പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ജബാരിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.

‘ഞങ്ങൾ ഓയിൽ പൈപ്പ് ലൈനുകളെയും ആക്രമിക്കും, ഒരു തുള്ളി എണ്ണ പോലും ഈ മേഖല വിട്ട് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. വരും ദിവസങ്ങളിൽ എണ്ണവില 200 ഡോളറിലെത്തും. ഈ മേഖലയിലെ എണ്ണയെ മാത്രം ആശ്രയിച്ച് ശതകോടിക്കണക്കിന് ഡോളറിന്‍റെ കടം അമേരിക്കയ്ക്കുണ്ട്. എന്നാൽ ഒരു തുള്ളി എണ്ണ അവരിലേക്ക് ഇനി എത്തില്ല’ എന്നാണ് ജബാരിയുടെ പ്രസ്താവന.

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലാണ് ഹോർമുസ്. പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയായ ഇവിടം, ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കാരിയറുകളെ വഹിച്ചുള്ള കപ്പലുകളുടെ സഞ്ചാരപഥം കൂടിയാണ്. ഇറാഖ്, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി എണ്ണക്കപ്പലുകൾ ഇത് വഴിയാണ് സഞ്ചരിക്കുക. പ്രതിദിനം മുന്നൂറ് കപ്പലുകൾ വരെ ഇതുവഴി കടന്നുപോകുന്നുവെന്നാണ് കണക്കുകൾ. ഹോർമുസ് അടച്ചാൽ ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിലാകുകയും വില കുതിച്ചുയരുകയും ചെയ്യും.

മിഡില്‍ ഈസ്റ്റിലെ യുദ്ധം രൂക്ഷമായതോടെ ഇതിനോടകം ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. തിങ്കളാഴ്ച്ച രാവിലെ ക്രൂഡ് വില 7%ത്തിലധികം ഉയര്‍ന്ന് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ഇറാന്‍- യുഎസ്, ഇസ്രായേല്‍ സൈനിക ആക്രമണങ്ങളെ തുടര്‍ന്ന്, ഹോര്‍മുസ് കടലിടുക്ക് വഴി കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് ക്രൂഡ് വില കുതിച്ചുയര്‍ന്നത്. ഹോര്‍മുസ് കടലിടുക്കിന് സമീപം രണ്ടിലധികം കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. കപ്പലുകളോട് ഈ കടലിടുക്കിലൂടെ കടന്നുപോകരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാജ്യത്ത് സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ നാവിക ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന യാതൊരു നീക്കവും ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിന് വിപരീതമായി സംഘർഷം കടന്നതോടെ കടുത്ത നീക്കങ്ങളിലേക്ക് കടക്കുകയാണ് ഐആർജിസി.

ADVERTISEMENT
error: Content is protected !!